വടക്കഞ്ചേരി: വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂൾ മാനേജർ ഫാ.ഡോ.മാത്യു പുത്തൻപറമ്പി (ടിഒആർ)ലിന് നവതിയുടെ നിറവ്. ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ വള്ളിയോട് അസീസി ചാപ്പലിൽ ഫാ.ഡോ. മാത്യു പുത്തൻപറമ്പിൽ പ്രധാന കാർമികനായി ദിവ്യബലിയർപ്പണം നടന്നു.
ഫാ.ബേബി പാറേക്കാട്ടിൽ, ഫാ. നോയൽ മാത്യു ചക്കാലയിൽ, ഫാ. ജോൺ തകിടിയിൽ എന്നിവർ സഹകാർമികരായി. തുടർന്ന് സ്നേഹഭവനിലെ അന്തേവാസികൾക്കൊപ്പം കേക്കുമുറിച്ചുള്ള ജന്മദിനാഘോഷങ്ങളിലും പങ്കെടുത്തു. വൈകുന്നേരം ഞാറക്കുളത്ത് ഷാജിയുടെ ഭവനത്തിൽ നടന്ന കുടുംബകൂട്ടായ്മയിലും നവതിയുടെ ആഘോഷങ്ങളുണ്ടായി. ഫാ.ഡോ. മാത്യു സന്ദേശം നൽകി.ഫൊറോന അസി.വികാരി ഫാ.സാൻജോ ചിറയത്ത്, സമുദായ ശക്തീകരണ ട്രെയ്നർ പ്രഫ. സിബി സഖറിയ, കുടുംബ യൂണിറ്റ് പ്രസിഡന്റ് വിൽസൺ കൊള്ളന്നൂർ ആശംസകളർപ്പിച്ചു.
സെമിനാരി റെക്ടർ, പ്രൊവിൻഷ്യാൾ, ഫ്രാൻസിസ്കൻ സഭയുടെ ജനറൽ കൗൺസിലർ, ഇടവക വികാരി, ആശ്രമം സുപ്പീരിയർ, സ്നേഹഭവൻ ഡയറക്ടർ തുടങ്ങി നിരവധി പദവികളിൽ ഫാ.ഡോ. മാത്യു സേവനം ചെയ്തിട്ടുണ്ട്. ഗുഢല്ലൂർ സമരനായകൻ എന്നാണ് ഫാ.ഡോ.മാത്യു പുത്തൻപറമ്പിൽ അറിയപ്പെടുന്നത്.